Kerala
കൊല്ലം: ശ്രീനാരായണ ഗുരുവിന്റേയും മഹാത്മാഗാന്ധിയുടെയും സമാഗമശതാബ്ദി ആഘോഷം യുഡിഎഫ് മഹാസമ്മേളനമായി നടത്തുമെന്നും രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി പറഞ്ഞു. ശിവഗിരി മഠവുമായി ചേർന്ന് ആശ്രാമം മൈതാനത്തു ഫെബ്രുവരി അവസാനമാണ് സമ്മേളനം നടത്തുന്നത്.
രാഹുൽ ഗാന്ധി എംപി പങ്കെടുക്കും. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കൂടി പങ്കെടുപ്പിക്കുമെന്നും തീയതി ഉടൻ തീരുമാനിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
വിജയ സാധ്യത മാത്രമാകും സ്ഥാനാർഥി നിർണയത്തിലെ ഘടകമെന്നും സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നും സ്ക്രീനിംഗ് കമ്മിറ്റി കാര്യങ്ങള്‍ വിലയിരുത്തി തീരുമാനിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ സാന്നിധ്യത്തിൽ അടൂർ പ്രകാശ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുമോ എന്ന ചോദ്യത്തിന് അടൂർ പ്രകാശ് മറുപടി നൽകിയില്ല.
National
ന്യൂഡൽഹി: വിദ്യകൊണ്ടു പ്രബുദ്ധരാകുക, സംഘടിച്ചു ശക്തരാകുക എന്ന ശ്രീനാരായണ ഗുരുവിന്റെ വചനം യുവാക്കൾ ഓർമിക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാജ്യത്തിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നതു യുവാക്കളാണെന്നു മുർമു ചൂണ്ടിക്കാട്ടി. സ്വാശ്രയത്വത്തിന്റെ പ്രാധാന്യം വ്യക്തമാക്കാൻ രബീന്ദ്രനാഥ ടാഗോറിനെയും രാഷ്ട്രപതി ഉദ്ധരിച്ചു.
ശ്രീനാരായണ ഗുരുവിനും ടാഗോറിനും പുറമെ മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്റുവിനെയും രാഷ്ട്രപതി അനുസ്മരിച്ചതു ശ്രദ്ധേയമായി.
പാർലമെന്റ് ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണു മുർമുവിന്റെ പരാമർശം. ദേശീയ താത്പര്യമുള്ള വിഷയങ്ങളിൽ എല്ലാ എംപിമാരും ഏകീകൃത നിലപാടു സ്വീകരിക്കണമെന്ന് അഭ്യർഥിക്കാനാണ് മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ബാബാ സാഹേബ് അംബേദ്കർ, സർദാർ വല്ലഭ്ഭായ് പട്ടേൽ, ജയപ്രകാശ് നാരായണ്‍, റാം മനോഹർ ലോഹ്യ, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ, അടൽ ബിഹാരി വാജ്പേയി എന്നിവരെ മുർമു പരാമർശിച്ചത്. വ്യത്യസ്ത അഭിപ്രായങ്ങൾക്കും വീക്ഷണകോണുകൾക്കുമിടയിൽ, രാഷ്ട്രത്തേക്കാൾ വലുതായി ഒന്നുമില്ലെന്ന് രാഷ്ട്രപതി ഓർമിപ്പിച്ചു.
ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. എന്നാൽ, ചില വിഷയങ്ങൾ വ്യത്യാസങ്ങൾക്ക് അതീതമാണെന്ന് ഗാന്ധിജിയും നെഹ്റുവും മുതൽ വാജ്പേയി വരെയുള്ള രാഷ്ട്രനേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
വികസിത ഭാരതത്തിന്റെ ദൃഢനിശ്ചയം, ഇന്ത്യയുടെ സുരക്ഷ, ആത്മനിർഭരത, സ്വദേശി പ്രചാരണം, ദേശീയ ഐക്യത്തിനായുള്ള ശ്രമങ്ങൾ, സ്വച്ഛത തുടങ്ങി രാജ്യത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും പാർലമെന്റംഗങ്ങൾ ഐക്യത്തോടെ നിൽക്കണമെന്നു രാഷ്ട്രപതി പറഞ്ഞു. രാജ്യവികസനത്തിൽ പങ്കാളികളാകാനും പുരോഗതിയിൽ ഊർജം പകരാനും രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും ഭരണഘടനയുടെ ആത്മാവ് അതാണെന്നും മുർമു ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനംതന്നെ പ്രതിപക്ഷ പ്രതിഷേധം. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ യുപിഎ സർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിക്കു പകരം ബിജെപി സർക്കാർ കൊടുവന്ന വിബി ജി -റാം ജി നിയമത്തെക്കുറിച്ച് പരാമർശിച്ചതാണ് പ്രതിപക്ഷ ബഹളത്തിന് കാരണമായത്.
കേന്ദ്രസർക്കാരിന്റെ പുതിയ നിയമം പിൻവലിക്കണമെന്നും തൊഴിലുറപ്പ് പദ്ധതി തിരികെ കൊണ്ടുവരണമെന്നും പ്രതിപക്ഷ അംഗങ്ങൾ മുദ്യാവാക്യം മുഴക്കി ആവശ്യപ്പെട്ടു. തുടർന്ന് രാഷ്ട്രപതിയുടെ പ്രസംഗം കുറച്ചുസമയത്തേക്കു നിർത്തി. പ്രതിപക്ഷം ബഹളം അവസാനിപ്പിച്ചതോടെയാണ് പ്രസംഗം തുടർന്നത്.
ഗ്രാമീണ മേഖലയിലെ തൊഴിൽ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ നടപ്പാക്കിയ പുതിയ നിയമം ഗ്രാമീണ വികസനത്തിന് പുതിയ പ്രചോദനം നൽകുമെന്നായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗത്തിലെ പരാമർശം. എന്നാൽ, വിബി ജി -റാം ജി നിയമത്തിനെതിരേ കടുത്ത പ്രതിഷേധം ഉയർത്തുമെന്ന് ബജറ്റ് സമ്മേളനത്തിനുമുന്പു ചേർന്ന സർവകക്ഷി യോഗത്തിലുൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കിയിരുന്നു. നിയമത്തിനെതിരെ സമ്മേളനത്തിൽ ഉടനീളം പ്രതിപക്ഷം പ്രതിഷേധമുയർത്തും.
Kerala
തിരുവനന്തപുരം: ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരു മുന്നിൽ നിന്നുവെന്നും അദ്ദേഹം പറഞ്ഞു. 93 -ാം ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ശശി തരൂർ എംപി അടക്കമുള്ളവർ പങ്കെടുത്തു. രാവിലെ ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തിയതോടെയാണ് ഈ വർഷത്തെ ആഘോഷത്തിന് തുടക്കമായത്.
ശ്രീനാരായണ ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു. സ്നേഹമാണ് ഏറ്റവും വലിയ വിശ്വാസമെന്ന് പഠിപ്പിച്ചുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രമാണ് ശിവഗിരിയെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
Kerala
തിരുവനന്തപുരം: ഉള്ളൂരിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയെ തോട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഉള്ളൂരിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് പോകുന്ന വഴിയിലുണ്ടായിരുന്ന പ്രതിമയാണ് തോട്ടിൽ കണ്ടെത്തിയത്.
ഇവിടെ സ്ഥാപിച്ചിരുന്ന പഴയ പ്രതിമ മാറ്റി പുതിയ പഞ്ചലോഹം കൊണ്ടുള്ള പ്രതിമ സ്ഥാപിച്ചിരുന്നു. പഴയ പ്രതിമയാണ് തോട്ടിൽ കണ്ടെത്തിയത്. ആരാണ് പ്രതിമ തോട്ടിൽ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല.
അതേസമയം, സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകുമെന്ന് തിരുവനന്തപുരം എസ്എൻഡിപി യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ പറഞ്ഞു.